Wednesday, 19 September 2012

cherunelly model-2

 
ഏ.വി.ജെയിംസ് - 19.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 2

 ചെറുനെല്ലിയിലെ 4.79 ഏക്കര്‍ ഭൂമിയുടെ പാട്ടാവകാശം എഴുതി രജിസ്റര്‍ ചെയ്ത് വാങ്ങിയത് തൃക്കണ്ണാല്‍വട്ടം എന്ന സാങ്കല്‍പ്പിക വില്ലേജിലെ കട്ടിയക്കാരന്‍ എബ്രാഹം എന്ന സാങ്കല്‍പ്പിക വ്യക്തിയാണെന്ന് വ്യക്തമാക്കിയിരുന്നല്ലോ. അപ്പോള്‍ ആരാണ് ടി വസ്തു കൈവശം വച്ചിരിക്കുന്നത് എന്നറിയേണ്ടതുണ്ട്. അത് രഹസ്യം ഒന്നുമല്ല. 31.1.2012 ല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുമ്പില്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി ടിയാന്‍ ഹാജരായിട്ടുണ്ട്. കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം ആണ് പ്രസ്തുത കൈവശക്കാരന്‍. ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിക്കുപോലും ടിയാന് പാട്ടാവകാശം ഇല്ല. പാട്ടാവകാശം ഇല്ലാതെ സര്‍ക്കാര്‍ വനഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ടിയാന്‍ വനം കൈയ്യേറ്റക്കാരന്‍ മാത്രമാണ്. വനം കൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണെന്നാണ് ബഹു. ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യമില്ലാത്ത അറസ്റിന് വിധേയനാകേണ്ട ഒരു കുറ്റവാളി ധിക്കാരപൂര്‍വ്വം വനംവകുപ്പിന്റെ തലവന്റെ മുന്‍പിലേക്ക് കടന്നുചെല്ലാനുണ്ടായ ചേതോവികാരം എന്തെന്ന് പിന്നീട് പരിശോധിക്കാം.
 അതിനുമുന്‍പ് ചെറുനെല്ലി ഭൂമി പാട്ടത്തിനുവാങ്ങിയ എബ്രാഹം ഗ്രൂപ്പിലെ മറ്റു 14 പേരുടെ നിയമപരമായ അവസ്ഥയിലേക്കുകൂടി നോക്കേണ്ടതുണ്ട്. 640-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 1978 ജൂണ്‍ 12 ന് രജിസ്റര്‍ ചെയ്തതായി നാം കണ്ടു. തുടര്‍ന്ന് അന്നുതന്നെ 641 മുതല്‍ 647 വരെയുള്ള 7 ആധാരങ്ങള്‍കൂടി ചെറുനെല്ലി ഭൂമിസംബന്ധിച്ച് രജിസ്റര്‍ ചെയ്യപ്പെട്ടു. അവയില്‍ 643-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്കാണ്. സാങ്കല്‍പിക വ്യക്തിയുടെ ഭാര്യയും സാങ്കല്‍പ്പിക വ്യക്തിതന്നെയാണെന്നത് സ്വാഭാവികം മാത്രം!
  പക്ഷേ, അതിപ്രധാനമായ ഒരു വസ്തുത ഇവിടെ വെളിവാകുന്നുണ്ട്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്യുന്നതിന് സാക്ഷിയായി പേരെഴുതി ഒപ്പിട്ടിരിക്കുന്നത് കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹമാണ്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 640-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് 643-ാം ആധാരം ടിയാന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ രജിസ്റര്‍ ചെയ്യുന്നതും  അതിന് കുരുവിനാക്കുന്നേല്‍ എബ്രാഹം സാക്ഷിയായി പേരെഴുതി ഒപ്പിടുന്നതും. കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹവും കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹവും പേരുകളില്‍ സാമ്യം ഉണ്ടെങ്കിലും തികച്ചും വ്യത്യസ്ത വ്യക്തികളാണെന്നതിന് ഇതിനേക്കാള്‍ ഏറെ തെളിവുകള്‍ ആവശ്യം ഇല്ലല്ലോ. പക്ഷേ, കൈയ്യേറ്റക്കാരനായ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ മകനായ എബ്രാഹം നിര്‍ലജ്ജം വിളിച്ചുപറയുന്നു, കട്ടിയക്കാരന്‍ കുരുവിളയുടെ മകനും താന്‍തന്നെയാണെന്ന്! അല്‍പം ഭൂമിക്കുവേണ്ടിയാണ് ഈ ഹീനകൃത്യം എന്നത് ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. തീര്‍ച്ച.

 മറിമായങ്ങളുടെ കഥ തീരുന്നില്ല....................

No comments:

Post a Comment