Thursday, 20 September 2012

cherunelly model-4

ഏ.വി. ജെയിംസ്  21.9.2012

ഫോണ്‍ - 9447227118

വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 4

 ചെറുനെല്ലിയില്‍ സര്‍ക്കാര്‍ വനഭൂമി പാട്ടത്തിന് ആധാരം രജിസ്റര്‍ ചെയ്ത് വാങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരാണെന്ന് വ്യക്തമാകുമ്പോള്‍, പ്രസ്തുത ആധാരങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുണ്ടാവുക? അതേക്കുറിച്ചുള്ള പരിചിന്തനം പിന്നീടാകാം. ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും ആയ ഒരുവസ്തുതയാണ് .ചെറുനെല്ലി തിരിമറികളില്‍ അടുത്തതായി പരിശോധിക്കാനുള്ളത്.
 ചെറുനെല്ലി ആധാരങ്ങളില്‍പെട്ട 655-ാം ആധാരം, കാഞ്ഞിരപ്പള്ളി കരയില്‍ കരിമ്പനാല്‍കുരുവിള ഭാര്യ മറിയക്കുട്ടിയുടെ പേരിലാണ് രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഒരു വ്യക്തിയെ ഒരിക്കലും ഒരിടത്തും ആരും കണ്ടിട്ടുള്ളതായി അറിവില്ല. ചെറുനെല്ലി ആധാരങ്ങളില്‍ ഒരു മറിയക്കുട്ടിയെക്കുറിച്ചു മാത്രമെ പരാമര്‍ശനമുള്ളൂ. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഹാജരാക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളിലും ഒരേയൊരു മറിയക്കുട്ടിയെയുള്ളു - അത് കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയല്ല, പിന്നെയോ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയാണ്!  ടി തിരിച്ചറയില്‍ രേഖ ഹാജരാക്കിയ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍എബ്രാഹം, ഇപ്പോള്‍ 90 കഴിഞ്ഞ ആദരണീയയായ ഈ വന്ദ്യവയോധികയുടെ പുത്രനാണെന്നതാണ് ഖേദകരം.കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യയായ സ്വമാതാവിനെ, കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ എന്ന് വ്യവഹരിക്കുന്ന ചെറുനെല്ലി ആധാരത്തിന്
(655/78 ) സാക്ഷിയായി നില്‍ക്കാന്‍ ഇങ്ങനെയൊരു പുന്നാരപുത്രന്‍ തുനിഞ്ഞുവെന്നത് ആ വൃദ്ധമാതാവ് അറിയാന്‍ ഇടയാകരുതെ എന്നാശിക്കാം. കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയുടെ പുത്രന്‍ എബ്രാഹത്തിന് ഇപ്പോള്‍ ഏകദേശം 68 വയസ്സുണ്ട് എന്നാണറിവ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടി എബ്രാഹം സാക്ഷിനിന്ന് രജിസ്റര്‍ ചെയ്യപ്പെട്ട 655/78-ാം നമ്പര്‍ ആധാരത്തില്‍ പറയപ്പെടുന്ന കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ കുരുവിനാക്കുന്നേല്‍ കുരുവിള ഭാര്യ മറിയക്കുട്ടി എന്നു വാദിക്കില്ലെന്ന് പ്രത്യാശിക്കാം!!
 ചെറുനെല്ലിയില്‍ ഭൂമിവാങ്ങിയ ഈ 15 പേരും അക്കാലത്ത് ചെറുനെല്ലിയില്‍ താമസക്കാരാണെന്ന് ആധാരങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ട് ആധാരങ്ങളില്‍ കാണിച്ചിട്ടുള്ളത് അവരവരുടെ സ്ഥിരമേല്‍വിലാസങ്ങളാണ് എന്നത് വ്യക്തമാണ്. പക്ഷെ ഈ വ്യക്തികളെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, യാതൊരുവിധമായ തട്ടിപ്പുകള്‍ക്കും മുതിരാതെ തികച്ചും നിയമവിധേയരായും മാതൃകാപൌരന്‍മാരായും ജീവിക്കുന്നവരുടെ കുടുംബപ്പേരുകള്‍ഇപ്രകാരമുള്ള ഒരു തട്ടിപ്പു വിവാദത്തിലേക്ക് വലിച്ചിഴച്ചവരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ബാദ്ധ്യത 14 ആധാരങ്ങളിലും സാക്ഷിയായ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിനുണ്ട്.
 സാക്ഷി, ഉടമയായി മാറാനുള്ള വിദ്യകള്‍....... തുടരുന്നു.

Cherunelly model-3

ഏ.വി.ജെയിംസ് - 20.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 3
 ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷരാകാന്‍ കഴിഞ്ഞിരുന്ന ചില അത്ഭുത പ്രവര്‍ത്തകരെക്കുറിച്ച് പലര്‍ക്കും കേട്ടറിവ് ഉണ്ടായിരിക്കാം.പക്ഷേ, ഒരേസ്ഥലത്ത്, ഒരേദിവസം രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ട് വ്യത്യസ്ത പിതാക്കന്‍മാരുടെ പുത്രനായി വിലസാനുള്ള സിദ്ധി ലഭിച്ച 'മഹാനെ' ദര്‍ശിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ കൈവന്നിരിക്കുകയാണ്. ഒരു എബ്രാഹം താന്‍ 'ഇടമറ്റം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍' ആണെന്ന് എഴുതി ഒപ്പിട്ട് സാക്ഷിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കട്ടിയക്കാരന്‍ എബ്രാഹമിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്ക് 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്തപ്പോഴാണ് എന്ന് നാം കണ്ടു. ഈ കട്ടിയക്കാരന്‍ എബ്രാഹമാകട്ടെ,. കട്ടിയക്കാരന്‍ കുരുവിളയുടെ മകനാണെന്ന് 640-ാം നമ്പര്‍ ആധാരം വ്യക്തമാക്കുന്നുമുണ്ട്. ശേഷം നിഗമനങ്ങള്‍ വായനക്കാര്‍ക്കായി സാദരം വിടുന്നു.
 എബ്രാഹം ഗ്രൂപ്പിലെ ആധാരങ്ങളെയെല്ലാം വിശകലനം ചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. എങ്കിലും അനുപേക്ഷണീയങ്ങളായവയെ പരാമര്‍ശിക്കാതെ വയ്യ. 650-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുരുവിള മകന്‍ തോമസിന്റെ പേരിലും 651-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുര്യന്‍ മകന്‍ കുര്യന്റെ പേരിലും ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലും സാക്ഷി ഇടമറ്റം കരയില്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ. എന്നാല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഇവര്‍ ഹാജരാകുകയോ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല. പക്ഷേ, സമാന പേരുകളോടു കൂടിയ രണ്ട് പേരുടെ തിരിച്ചറയില്‍ രേഖകള്‍ അവിടെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. അവ യഥാക്രമം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ തോമസ്, കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ കുര്യന്‍ എന്നിവരുടേതത്രെ. പത്രഭാഷയില്‍ അപരന്‍മാര്‍! ഈ അപരന്‍മാര്‍ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന്റെ സഹോദരന്‍മാരാണെന്നത് ശ്രദ്ധേയം തന്നെ. എന്തുകൊണ്ട് സ്വസഹോദരന്‍മാരുടെ സ്വത്വം (ശറലിശേശ്യേ)  മറച്ചുവച്ചുകൊണ്ട് സര്‍ക്കാര്‍ വനഭൂമി പാട്ടത്തിനു വാങ്ങുന്ന പ്രമാണങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന വേളയില്‍ സാക്ഷിയായി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ എബ്രാഹം എന്തിനു തുനിഞ്ഞു എന്നതിന് ഉത്തരം നല്‍കാന്‍ ടിയാന് ചുമതലയുണ്ട്.
 ഇനി 652-ാം നമ്പര്‍ ആധാരത്തിലേക്ക് ............................ ഇടമറ്റം കരയില്‍  പേരേക്കാട്ട് ജോര്‍ജിന്റെ ഭാര്യ മേരിയുടെ പേരിലാണ് ടി ആധാരം. എന്നാല്‍ അങ്ങനെയൊരാളെ എവിടെയും കാണ്മാനില്ല. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗ് വേളയില്‍ സമര്‍പ്പിക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒരു ജോര്‍ജിന്റെ ഭാര്യ മേരിയുണ്ട്. പക്ഷേ, അത് കുരുവിനാക്കുന്നേല്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരിയുടേതാണെന്നുമാത്രം! അപര എന്നൊരുപദം നിഘണ്ടുവില്‍ ഉണ്ടോ എന്നറിയില്ല.! ഈ ആധാരത്തിനും സാക്ഷി കുരുവിനാക്കുന്നേല്‍ എബ്രാഹം തന്നെ.  തന്റെ സഹോദരഭാര്യയുടെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം ഒരു തിരിമറിക്ക് സാക്ഷി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് വിശദീകരിക്കാനും ടിയാന് ബാദ്ധ്യതയുണ്ട്.
 ബാദ്ധ്യത, സാക്ഷിയായതുകൊണ്ടു മാത്രമല്ല, പിന്നെയോ?
 ഇനി ആ കഥകളിലേയ്ക്ക് ..................

Wednesday, 19 September 2012

cherunelly model-2

 
ഏ.വി.ജെയിംസ് - 19.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 2

 ചെറുനെല്ലിയിലെ 4.79 ഏക്കര്‍ ഭൂമിയുടെ പാട്ടാവകാശം എഴുതി രജിസ്റര്‍ ചെയ്ത് വാങ്ങിയത് തൃക്കണ്ണാല്‍വട്ടം എന്ന സാങ്കല്‍പ്പിക വില്ലേജിലെ കട്ടിയക്കാരന്‍ എബ്രാഹം എന്ന സാങ്കല്‍പ്പിക വ്യക്തിയാണെന്ന് വ്യക്തമാക്കിയിരുന്നല്ലോ. അപ്പോള്‍ ആരാണ് ടി വസ്തു കൈവശം വച്ചിരിക്കുന്നത് എന്നറിയേണ്ടതുണ്ട്. അത് രഹസ്യം ഒന്നുമല്ല. 31.1.2012 ല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുമ്പില്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി ടിയാന്‍ ഹാജരായിട്ടുണ്ട്. കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം ആണ് പ്രസ്തുത കൈവശക്കാരന്‍. ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിക്കുപോലും ടിയാന് പാട്ടാവകാശം ഇല്ല. പാട്ടാവകാശം ഇല്ലാതെ സര്‍ക്കാര്‍ വനഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ടിയാന്‍ വനം കൈയ്യേറ്റക്കാരന്‍ മാത്രമാണ്. വനം കൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണെന്നാണ് ബഹു. ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യമില്ലാത്ത അറസ്റിന് വിധേയനാകേണ്ട ഒരു കുറ്റവാളി ധിക്കാരപൂര്‍വ്വം വനംവകുപ്പിന്റെ തലവന്റെ മുന്‍പിലേക്ക് കടന്നുചെല്ലാനുണ്ടായ ചേതോവികാരം എന്തെന്ന് പിന്നീട് പരിശോധിക്കാം.
 അതിനുമുന്‍പ് ചെറുനെല്ലി ഭൂമി പാട്ടത്തിനുവാങ്ങിയ എബ്രാഹം ഗ്രൂപ്പിലെ മറ്റു 14 പേരുടെ നിയമപരമായ അവസ്ഥയിലേക്കുകൂടി നോക്കേണ്ടതുണ്ട്. 640-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 1978 ജൂണ്‍ 12 ന് രജിസ്റര്‍ ചെയ്തതായി നാം കണ്ടു. തുടര്‍ന്ന് അന്നുതന്നെ 641 മുതല്‍ 647 വരെയുള്ള 7 ആധാരങ്ങള്‍കൂടി ചെറുനെല്ലി ഭൂമിസംബന്ധിച്ച് രജിസ്റര്‍ ചെയ്യപ്പെട്ടു. അവയില്‍ 643-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്കാണ്. സാങ്കല്‍പിക വ്യക്തിയുടെ ഭാര്യയും സാങ്കല്‍പ്പിക വ്യക്തിതന്നെയാണെന്നത് സ്വാഭാവികം മാത്രം!
  പക്ഷേ, അതിപ്രധാനമായ ഒരു വസ്തുത ഇവിടെ വെളിവാകുന്നുണ്ട്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്യുന്നതിന് സാക്ഷിയായി പേരെഴുതി ഒപ്പിട്ടിരിക്കുന്നത് കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹമാണ്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 640-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് 643-ാം ആധാരം ടിയാന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ രജിസ്റര്‍ ചെയ്യുന്നതും  അതിന് കുരുവിനാക്കുന്നേല്‍ എബ്രാഹം സാക്ഷിയായി പേരെഴുതി ഒപ്പിടുന്നതും. കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹവും കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹവും പേരുകളില്‍ സാമ്യം ഉണ്ടെങ്കിലും തികച്ചും വ്യത്യസ്ത വ്യക്തികളാണെന്നതിന് ഇതിനേക്കാള്‍ ഏറെ തെളിവുകള്‍ ആവശ്യം ഇല്ലല്ലോ. പക്ഷേ, കൈയ്യേറ്റക്കാരനായ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ മകനായ എബ്രാഹം നിര്‍ലജ്ജം വിളിച്ചുപറയുന്നു, കട്ടിയക്കാരന്‍ കുരുവിളയുടെ മകനും താന്‍തന്നെയാണെന്ന്! അല്‍പം ഭൂമിക്കുവേണ്ടിയാണ് ഈ ഹീനകൃത്യം എന്നത് ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. തീര്‍ച്ച.

 മറിമായങ്ങളുടെ കഥ തീരുന്നില്ല....................

Tuesday, 18 September 2012

Cherunelly model

എ.വി. ജെയിംസ്, 12.09.2012
9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍
 “നെല്ലിയാമ്പതി എസ്റേറ്റുകളുടെ ഇപ്പോഴത്തെ കൈവശക്കാര്‍ തന്നെയാണോ യഥാര്‍ത്ഥ പാട്ടക്കരാറുകാരെന്ന് പരിശോധിക്കാന്‍ യു.ഡി.എഫ്. ഉപസമിതി തീരുമാനിച്ചു.” (മാതൃഭൂമി 12/09/2012) തികച്ചും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ് അത്. പക്ഷേ, അപൂര്‍ണ്ണമാണെന്ന് പറയാതെ വയ്യ. കാരണം, ഇപ്പോഴത്തെ കൈവശക്കാര്‍ യഥാര്‍ത്ഥ പാട്ടക്കരാറുകാരല്ലെന്ന് വ്യക്തമാകുന്ന പക്ഷം എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ വ്യക്തതയില്ല.
 നെല്ലിയാമ്പതിയില്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ പാട്ടഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരന് നിയമദൃഷ്ടിയിലുള്ള നില (ടമേൌ) ഇത്തരമൊരു പരിശോധനയ്ക്ക് തികച്ചും യോഗ്യമത്രെ. മലനാട് എന്റര്‍പ്രൈസസ് എന്ന പാലാ സ്വദേശികളുടെ ഫേമില്‍ നിന്നും 1978 -ല്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ ഭൂമി അഞ്ചേക്കറില്‍ താഴെ വിസ്തീര്‍ണ്ണം മാത്രം വീതമുള്ള പ്ളോട്ടുകളായി എഴുതി വാങ്ങിയത് 15 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ്. ടി ഗ്രൂപ്പിന്റെ നേതൃത്വമാകട്ടെ കെ.കെ. എബ്രാഹം എന്ന് പറയപ്പെടുന്ന കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനും. 1978 ജൂണ്‍ 12-ാം തീയതി നെ•ാറ സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 640/78-ാം നമ്പര്‍ ആധാരത്തില്‍ ടിയാനെ വിവരിക്കുന്നത് ഇങ്ങനെയാണ്. “ചിറ്റൂര്‍ താലൂക്കില്‍ പോത്തുണ്ടി വില്ലേജില്‍ നെല്ലിയാമ്പതി ദേശത്ത് ചെറുനെല്ലി എസ്റേറ്റില്‍ താമസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ കൃഷി മുപ്പത്തിയഞ്ച് വയസ്സുള്ള എബ്രാഹം” എന്നത്രെ. ഇതില്‍ നിന്ന് വ്യക്തമാകുന്നത്
1.   ആധാരം രജിസ്റര്‍ ചെയ്ത കാലത്ത് എബ്രഹാം ചെറുനെല്ലിയിലായിരുന്നു താമസം
2.   ടിയാന്റെ സ്ഥിരമേല്‍വിലാസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ എബ്രാഹം എന്നാണ്.
 പക്ഷേ, കേരളത്തിലെവിടെയും തൃക്കണ്ണാല്‍വട്ടം വില്ലേജ് എന്നൊന്നില്ല എന്നാണറിവ്. എന്തുകൊണ്ട് ഇങ്ങനെ ഒരു വ്യാജ വില്ലേജ് സൃഷ്ടിച്ചു എന്നറിയാന്‍ എബ്രഹാമിനെ അന്വേഷിച്ചുവെങ്കിലും അതും  മായ ആണെന്ന്!  എങ്കില്‍ ആരാണ് ടിയാന്റെ പേരിലുള്ള പാട്ടഭൂമി ഇപ്പോള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത് എന്നൊരു ജിജ്ഞാസ സ്വാഭാവികമാണല്ലോ? ആ ജിജ്ഞാസ, മായകളുടെ മാത്രമല്ല മറിമായങ്ങളുടെയും അതിനപ്പുറം തിരിമറികളുടെയും അവിശ്വസനീയമായ ഒരു അത്ഭുത ലോകത്താണ് എത്തിച്ചതെന്നുമാത്രം!     ഇനി ആ അത്ഭുത ലോകത്തേയ്ക്ക് ..................